ജപ്പാനിൽ ഒരാഴ്ചയ്ക്കുള്ളിൽ വൻ ഭൂകമ്പത്തിന് സാധ്യത; പത്തടി ഉയരത്തിൽ സുനാമി മുന്നറിയിപ്പ്

 

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ അതിതീവ്രമായ മറ്റൊരു ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇവാട്ടെ പ്രവിശ്യയുടെ തീരക്കടലിൽ അനുഭവപ്പെട്ട 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് പിന്നാലെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഏകദേശം പത്ത് അടി (3 മീറ്റർ) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നും തീരദേശവാസികൾ ഉടൻ മാറണമെന്നും ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ 80 സെന്റിമീറ്റർ ഉയരത്തിലുള്ള തിരമാലകൾ തീരത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ നൽകിയ ആദ്യ സുനാമി മുന്നറിയിപ്പുകൾ മണിക്കൂറുകൾക്ക് ശേഷം പിൻവലിച്ചെങ്കിലും, 8.0 തീവ്രതയ്ക്ക് മുകളിലുള്ള വൻ ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനത്തിന്റെ പ്രകമ്പനം ടോക്കിയോ വരെ അനുഭവപ്പെട്ടു. ബുള്ളറ്റ് ട്രെയിൻ സർവീസുകൾ തടസ്സപ്പെടുകയും നൂറുകണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തെങ്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മുൻകരുതൽ നടപടിയുടെ ഭാഗമായി 1,70,000-ത്തിലധികം ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി സനേ തകൈച്ചി അഭ്യർത്ഥിച്ചു. 2011-ലെ ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ സർക്കാർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ലോകത്തെ ശക്തമായ ഭൂകമ്പങ്ങളിൽ പത്ത് ശതമാനവും ജപ്പാനിലാണ് സംഭവിക്കുന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ രാജ്യം അതീവ ജാഗ്രതയിലായിരിക്കും.