ചൈനയിലെ ഷൂ ഫാക്ടറിയിൽ വൻ തീപ്പിടിത്തം; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം
കിഴക്കൻ ചൈനയിലെ പ്രമുഖ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസ പശയിലും ഷൂ നിർമ്മാണത്തിനുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളിലും അതിവേഗം തീ പടർന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. കെട്ടിടത്തിലെ കോണിപ്പടികളും അടിയന്തരമായി പുറത്തുകടക്കാനുള്ള വഴികളും ഷൂ നിർമ്മാണ സാമഗ്രികൾ വെച്ച് തടസ്സപ്പെടുത്തിയിരുന്നതിനാൽ തൊഴിലാളികൾക്ക് സമയത്തിന് പുറത്തെത്താനോ രക്ഷാപ്രവർത്തകർക്ക് അകത്തുകയറാനോ സാധിച്ചില്ല. ഇതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണമായത്.
കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ തീ പടർന്നതോടെ മുകൾ നിലകളിലെ തൊഴിലാളികൾ ജനലുകൾക്ക് സമീപവും മേൽക്കൂരയിലും അഭയം തേടുകയായിരുന്നു. 183 രക്ഷാപ്രവർത്തകരും 35 അഗ്നിശമന വാഹനങ്ങളും മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ഊർജിതമാക്കാനും വീഴ്ച വരുത്തിയ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. ചൈനയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ വ്യാവസായിക അപകടങ്ങളിൽ ഒന്നാണിത്.