കാനഡയിൽ സൈനിക താവളത്തിൽ വൻ തീപ്പിടിത്തം

 

കാനഡയിലെ ആൽബർട്ട പ്രവിശ്യയിലുള്ള 'കനേഡിയൻ ഫോഴ്സസ് ബേസ് വെയ്ൻറൈറ്റ്' സൈനിക താവളത്തിൽ വൻ തീപ്പിടിത്തം. അപകടത്തിൽ ആളപായം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണങ്ങളോ മരണസംഖ്യയോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ആൽബർട്ടയിലെ എഡ്മന്റണിൽനിന്ന് ഏകദേശം 180 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നാണിത്. ശക്തമായ കാറ്റിൽ തീ വേഗത്തിൽ പടരുകയും സൈനിക താവളത്തിന്റെ അതിർത്തി കടന്ന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കനേഡിയൻ സൈന്യവും പ്രൊവിൻഷ്യൽ ഭരണകൂടവും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആൽബർട്ട പ്രവിശ്യയുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട നിർണ്ണായക വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്.