ഒമാനിലെ മത്ര കേബിൾ കാർ: സുരക്ഷാ പരിശോധന പൂർത്തിയായി; സർവീസിന് അന്തിമ അനുമതി മാത്രം
ഒമാനിലെ മത്ര കേബിൾ കാർ പദ്ധതിയുടെ പ്രധാന അന്താരാഷ്ട്ര സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷൻ നടപടികളും പൂർത്തിയായി. ഇനി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അന്തിമ പരിശോധനകളും അനുമതികളും ലഭിച്ച ശേഷമായിരിക്കും സർവീസ് ആരംഭിക്കുക.
യൂറോപ്പിൽ കേബിൾ കാർ സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷനും നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയത്. ഈ പരിശോധനയുടെ രേഖകൾ ഉടൻ തന്നെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് പദ്ധതിയുടെ ഉടമയും സബീൻ ഗ്രൂപ്പ് സി.ഇ.ഒയുമായ ഖാലിദ് അൽ നബ്ഹാനി വ്യക്തമാക്കി.
പ്രവർത്തനം തുടങ്ങുന്ന തീയതി ഇതുവരെ അധികൃതർ നിശ്ചയിച്ചിട്ടില്ല. 'മത്ര ടെലിഫെറിക്' എന്ന കമ്പനിയായിരിക്കും കേബിൾ കാർ സർവീസ് നടത്തുക. പദ്ധതിയുടെ ഭാഗമായ മൂന്ന് സ്റ്റേഷനുകളുടെയും നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ സ്റ്റേഷനുകളിൽ തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങൾ ഔട്ട്‌ലെറ്റുകൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.