ഷാർജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച ഇസ്‌ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചെന്ന് സ്റ്റീവ് ഹാർവി

 

ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായുള്ള കൂടിക്കാഴ്ച ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീവ് ഹാർവി. ഇസ്‌ലാമിക നിയമങ്ങളെയും വിശ്വാസത്തിന്റെ സൗന്ദര്യത്തെയും കുറിച്ച് ഷെയ്ഖ് സുൽത്താൻ ലളിതമായി വിവരിച്ചു നൽകിയതോടെ, ഒരൊറ്റ ദിവസം കൊണ്ടുതന്നെ ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ ചിന്താഗതി മാറിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ് ഹാർവി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

യുഎഇയിലേക്കുള്ള തന്റെ ആദ്യ യാത്രയും ഷാർജയിലേക്കായിരുന്നുവെന്ന് ഹാർവി ഓർത്തെടുത്തു. അന്നത്തെ സന്ദർശനത്തിനിടെയാണ് ഷാർജ ഭരണാധികാരിയെ നേരിൽ കാണാനും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാനും അവസരം ലഭിച്ചത്. ഏകദൈവത്തിലുള്ള വിശ്വാസമാണ് മതത്തിന്റെ അന്തസ്സത്തയെന്ന് ഷെയ്ഖ് സുൽത്താൻ തന്നോട് പറഞ്ഞതായും ഹാർവി വ്യക്തമാക്കി. തന്റെ ഇളയ മകൻ അടുത്തിടെ ഇസ്‌ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ആ തീരുമാനത്തിന് താൻ പൂർണ്ണ പിന്തുണ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബസമേതം താമസിക്കാനും ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കാനും പരസ്പര ബഹുമാനത്തോടെ ജീവിക്കാനും ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഷാർജയിലുള്ളതെന്ന് ഹാർവി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വലിയ പ്രാധാന്യം നൽകുന്ന ശാന്തമായ ഒരിടമാണ് ഷാർജയെന്നും അദ്ദേഹം പ്രശംസിച്ചു. ഷാർജയുടെ യഥാർത്ഥ സൗന്ദര്യം നേരിട്ടറിയാൻ എല്ലാവരും ഇവിടേക്ക് വരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഷാർജയിലേക്കുള്ള യാത്രയും ഷെയ്ഖ് സുൽത്താനുമായുള്ള കൂടിക്കാഴ്ചയും തന്റെ വ്യക്തിജീവിതത്തിലെ പ്രധാന നാഴികക്കല്ലാണെന്നും സ്റ്റീവ് ഹാർവി പറഞ്ഞു.