മെഗാ ഷോപ്പിങ് മേള; 100 മില്യൺ ദിർഹത്തിന്റെ ഓഫറുകളും സമ്മാനങ്ങളുമായി ലുലു

 

യുഎഇയിലെ ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പിന്റെ 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'. നവംബർ, ഡിസംബർ മാസങ്ങളിലായി 100 മില്യൺ ദിർഹത്തിന്റെ പ്രമോഷനുകളും വിലക്കിഴിവുകളും റാഫിൾ സമ്മാനങ്ങളുമാണ് ലുലു പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ ലുലുവിന്റെ വിവിധ സ്റ്റോറുകളിലൂടെയാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക.

ദുബായിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി പ്രഖ്യാപിച്ചത്. വർഷാവസാനത്തെ ഷോപ്പിങ് സീസൺ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പരിപാടിയിൽ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഫാഷൻ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭിക്കും.

നിലവിൽ '10,000 ട്രോളീസ് - വീ പേ ബാക്ക്' എന്ന ഉപഭോക്തൃ റിവാർഡ് ക്യാംപെയിൻ, ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, 'ലുലു വാലി ദിവാലി' ആഘോഷങ്ങൾ എന്നിവയിലൂടെ പ്രമോഷൻ സീസണിന് തുടക്കമായിട്ടുണ്ട്. ഈ ആഴ്ച ലുലു ഫാഷൻ സ്റ്റോറിലും റേയോയിലും വിന്റർ ഫാഷൻ കളക്ഷനുകൾ അവതരിപ്പിക്കും.

നവംബർ 19 മുതൽ ഹുവായിയുടെ പങ്കാളിത്തത്തോടെ സൂപ്പർ ഫ്രൈഡേ ഓഫറുകൾ ആരംഭിക്കും. നവംബർ 25 മുതൽ ബ്യൂട്ടി ആൻഡ് വെൽനെസ് പ്രമോഷനും നവംബർ 28 മുതൽ യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകളും ഉണ്ടാകും. യുഎഇയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ 'അവ്വൽ - എമിറാത്ത്' സംരംഭത്തിനും ഈ കാലയളവിൽ പ്രാധാന്യം നൽകും.

ഡിസംബർ ആദ്യവാരം ഫെസ്റ്റിവൽ ഓഫ് ഡീൽസ് ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകൾക്കൊപ്പം ഡിസംബർ അവസാനവാരം മിഡ്‌നൈറ്റ് സെയിലുകളും സംഘടിപ്പിക്കും.

യുഎഇയിലെ റീട്ടെയിൽ മേഖലയിൽ അനുകൂലമായ മുന്നേറ്റമാണ് കാണുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം.എ. പറഞ്ഞു. വിനോദസഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും ഉപഭോക്തൃ ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ നടപടികൾ വിപണിക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ - മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വി. നന്ദകുമാർ പറഞ്ഞു.

അതേസമയം, ലുലുവിന്റെ ഓൺലൈൻ ഷോപ്പിങ്, ക്വിക്ക് കൊമേഴ്സ് സേവനങ്ങളായ ലുലു മിനിറ്റ്‌സ് എന്നിവയിലും വളർച്ച രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയും കൂടുതൽ സൗകര്യങ്ങളും ഉൾപ്പെടുത്തി പുതിയ ലുലു ആപ്പും അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. പണമയയ്ക്കുന്നതിനുള്ള സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.