പശ്ചിമേഷ്യൻ സംഘർഷം: ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റേസുകൾ റദ്ദാക്കിയേക്കും

 

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായതോടെ ഫോർമുല വൺ (F1) കലണ്ടറിലെ പ്രധാന റേസുകളായ ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീകൾ റദ്ദാക്കാൻ സാധ്യത. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റേസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച രാത്രിയോടെ ഉണ്ടായേക്കുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 10 മുതൽ 12 വരെ നിശ്ചയിച്ചിരുന്ന ബഹ്‌റൈൻ ഗ്രാൻഡ്പ്രീയും, തൊട്ടടുത്ത ആഴ്ച (ഏപ്രിൽ 17-19) നടക്കേണ്ടിയിരുന്ന സൗദി അറേബ്യൻ ഗ്രാൻഡ്പ്രീയുമാണ് അനിശ്ചിതത്വത്തിലായത്. റേസുകൾ റദ്ദാക്കുകയാണെങ്കിൽ പകരം മറ്റ് മത്സരങ്ങൾ ഉണ്ടാകില്ല. ഇതോടെ ഈ സീസണിലെ ആകെ റേസുകളുടെ എണ്ണം 24-ൽ നിന്ന് 22-ലേക്ക് ചുരുങ്ങും. ഏപ്രിൽ അവസാനത്തെ ജാപ്പനീസ് ഗ്രാൻഡ്പ്രീ കഴിഞ്ഞാൽ പിന്നെ ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരിക്കും സീസൺ പുനരാരംഭിക്കുക.

ബഹ്‌റൈൻ തലസ്ഥാനമായ മനാമ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നതാണ് ഫോർമുല വൺ അധികൃതരെ ആശങ്കയിലാക്കുന്നത്. ടീം അംഗങ്ങളും താരങ്ങളും താമസിക്കുന്ന മനാമയിലെ സുരക്ഷാ ഭീഷണിയാണ് പ്രധാന വെല്ലുവിളി. നേരത്തെ, ഖത്തറിൽ നടക്കാനിരുന്ന വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ്പ് സീരീസും സംഘർഷം മൂലം മാറ്റിവെച്ചിരുന്നു.