മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക് പുരസ്‌കാരം: യുഎഇയെ പ്രതിനിധീകരിച്ച് ഷാർജയുടെ 'മെലീഹ' നാമനിർദേശ പട്ടികയിൽ
അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ 'വേൾഡ് ട്രാവൽ അവാർഡ്‌സ് 2026'ൽ യുഎഇയുടെ അഭിമാനമായി ഷാർജയിലെ മെലീഹ നാഷണൽ പാർക്ക്. അവാർഡിലെ 'മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്' വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായാണ് മെലീഹ നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹയും ഈ നേട്ടത്തിനായി മത്സരിക്കുന്നത്.
ഇസ്രായേലിലെ മസാദ, സൗദിയിലെ അസീർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ പ്രമുഖ നാഷണൽ പാർക്കുകളാണ് മെലീഹയ്ക്കൊപ്പം അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് കേന്ദ്രങ്ങൾ. യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള എക്കോ-ടൂറിസവും സാഹസിക വിനോദങ്ങളും ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരമാണ് ഈ നാമനിർദേശം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള 'ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ' (Faya Palaeolandscape) ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ പുരസ്കാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.
പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം
അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും. യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക കേന്ദ്രമായ മെലീഹയ്ക്ക് വോട്ട് ചെയ്യാൻ വേൾഡ് ട്രാവൽ അവാർഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. വോട്ട് ചെയ്യാനുള്ള ലിങ്ക് - https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026 മെലീഹ നാഷണൽ പാർക്കിന്റെ വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ എന്നിവിടങ്ങളിലും വോട്ട് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.