കുവൈത്തിലെ അൽ അഹ്മദിയിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

 

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1:27 ഓടെയാണ് പലയിടങ്ങളിലും ഭൂമി കുലുങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. അന്താരാഷ്ട്ര ഭൂകമ്പ നിരീക്ഷണ ഏജൻസികളുടെ പ്രാഥമിക കണക്കുകൾ പ്രകാരം റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തെ പ്രധാന മേഖലയായ അൽ അഹ്മദിക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കരുതപ്പെടുന്നു. ഭൂമിക്കടിയിൽ ഏകദേശം 55 കിലോമീറ്റർ ആഴത്തിലാണ് ഈ പ്രകമ്പനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ നേരിയ ആശങ്കയുണ്ടായെങ്കിലും നിലവിൽ രാജ്യത്തിന്റെ ഒരിടത്തുനിന്നും കാര്യമായ നാശനഷ്ടങ്ങളോ ആർക്കെങ്കിലും പരിക്കേറ്റതായോ ഉള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

ഭൂചലനത്തിന്റെ ആഘാതത്തെക്കുറിച്ചും അതിന്റെ കൃത്യമായ ഉറവിടത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായി സീസ്മിക് ഡാറ്റകൾ അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.