ബൊളീവിയയിൽ പുത്തൻ‍ ​നോട്ടുകളുമായി പോയ ​സൈനിക വിമാനം തകർന്നു വീണു; 15 മരണം

 

ബൊളീവിയയിലെ എൽ ആൾട്ടോ വിമാനത്താവളത്തിന് സമീപം സൈനിക വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. പുതുതായി അച്ചടിച്ച കറൻസികളുമായി വന്ന വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു. വിമാനം പതിച്ചതിനെത്തുടർന്ന് ഹൈവേയിലുണ്ടായിരുന്ന പത്തിലേറെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരാണോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല.

അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയും ചെയ്തു. എന്നാൽ അപകടസ്ഥലത്ത് വിമാനത്തിലുണ്ടായിരുന്ന പണം റോഡിൽ ചിതറിക്കിടക്കുന്നത് കണ്ട് അത് ശേഖരിക്കാനായി ആളുകൾ കൂട്ടമായി എത്തിയത് വലിയ സംഘർഷത്തിന് കാരണമായി. പണം വാരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിക്കേണ്ടി വന്നു. പണം ചിതറിക്കിടക്കുന്നതിന്റെയും ആളുകൾ അത് വാരിയെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബൊളീവിയൻ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.