മാൽവെയറുകൾ ദിനംപ്രതി ലക്ഷക്കണക്കിന്; വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിഭാഗം

 

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ സുരക്ഷ കർശനമായി പരിശോധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമാൻ’ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹറാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഉപയോക്താക്കളുടെ ഡാറ്റ ലക്ഷ്യമിട്ട് പ്രതിദിനം ഏകദേശം 4,50,000-ത്തോളം മാൽവെയറുകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകളിൽ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

ബഹ്‌റൈനിൽ അലേർട്ടുകളും നോട്ടിഫിക്കേഷനുകളും നൽകുന്നതായി അവകാശപ്പെട്ട് ഫോൺ ഹാക്ക് ചെയ്യുന്ന ആപ്പുകൾക്കെതിരെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക സേവനമെന്ന വ്യാജേന ഡാറ്റ ചോർത്തുന്ന 'BH Alert' എന്ന വ്യാജ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മാതൃകയിലുള്ള വെബ്‌സൈറ്റുകൾ വഴി ഒരു ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടതായും കണ്ടെത്തിയിരുന്നു. ആവശ്യമില്ലാത്ത അനാവശ്യ പെർമിഷനുകൾ ചോദിക്കുന്ന ആപ്പുകളെ സൂക്ഷിക്കണമെന്നും അവ ഉടൻ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.