ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്റൈനിൽ; ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ചർച്ചകൾ നടത്തി
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്‌റൈനിലെത്തി. സന്ദർശന വേളയിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യ–ബഹ്റൈൻ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി.
ബഹ്റൈൻ ഭരണകൂടത്തിലെ മറ്റ് ഉന്നത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജൂലൈ 10 വരെയുള്ള ഗൾഫ് പര്യടനത്തിൽ ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് പുറമെ കുവൈത്ത്, ഒമാൻ എന്നീ രാഷ്ട്രങ്ങളും ഡോ. എസ്. ജയശങ്കർ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശന വേളകളിൽ അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഭരണ നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.