കുവൈത്തിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് വ്യോമസേന
കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം (എയർ ഡിഫൻസ് സിസ്റ്റം) വിജയകരമായി തകർത്തെന്ന് ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് ശത്രുക്കളുടെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിനാലാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി രാജ്യവ്യാപകമായി ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ സന്ദേശങ്ങൾ അയച്ചിരുന്നു.
പൊതുജനങ്ങൾ ആരും തന്നെ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ വകുപ്പുകൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.