മിസിസിപ്പി നദിയിൽ വൻ അപകടം: നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ ക്രൂയിസ് ബോട്ടിൽ ഇടിച്ച് മറിഞ്ഞു; 32 പേർ ആശുപത്രിയിൽ

 

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിയുകയും യാത്രക്കാർ വെള്ളത്തിൽ വീഴുകയും ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30-ഓടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 190-ഓളം യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്താനായതായി അധികൃതർ സ്ഥിരീകരിച്ചു.

അറ്റ്‌ലാന്റിക് അസ്ഫാൽറ്റ് (Atlantic Asphalt) എന്ന ടാങ്കർ കപ്പലും, അമേരിക്കൻ ക്രൂയിസ് ലൈൻസ് പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ഹെറിറ്റേജ് (American Heritage) എന്ന പാഡിൽ-വീൽ റിവർബോട്ടുമാണ് കൂട്ടിയിടിച്ചത്. നദിയിൽ ഏകദേശം രണ്ട് മണിക്കൂറോളം നിർത്തിയിട്ടിരുന്ന അമേരിക്കൻ ഹെറിറ്റേജിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. MarineTraffic.com എന്ന വെസൽ-ട്രാക്കിങ് വെബ്സൈറ്റിലെ വിവരമനുസരിച്ച്, ഫ്രഞ്ച് ക്വാർട്ടർ പിന്നിട്ട് മിസിസിപ്പി നദിയിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കർ, ഒരു പാലത്തിനടിയിലൂടെ കടന്നുപോകുമ്പോഴാണ് ഡോക്കിങ് പോയിന്റിന് സമീപം നിർത്തിയിട്ടിരുന്ന ക്രൂയിസ് ബോട്ടിൽ ഇടിച്ചത്.

അപകടത്തിന് മുൻപ് തന്നെ ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ വ്യക്തമാക്കി. ക്രൂയിസ് കപ്പൽ വശത്തേക്ക് ചരിഞ്ഞു വീഴുന്നതിന് മുൻപായി 87-ഓളം പേരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 32 പേരിൽ രക്ഷാപ്രവർത്തനത്തിന് സഹായിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. ചികിത്സയിലുള്ള ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ തീവ്രത പരിഗണിക്കുമ്പോൾ എല്ലാവരെയും രക്ഷിക്കാനായത് 'മിസിസിപ്പിയിലെ യഥാർത്ഥ അത്ഭുതമാണ്' എന്ന് ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി പ്രതികരിച്ചു.

മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്‌ലാന്റിക് അസ്ഫാൽറ്റ് ടാങ്കറിന് 525 അടി നീളവും 77 അടി വീതിയുമുണ്ട്. 2015-ൽ നിർമ്മിച്ച അമേരിക്കൻ ഹെറിറ്റേജ് റിവർബോട്ടിന് 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അവർക്ക് ആവശ്യമായ താമസസൗകര്യവും സഹായങ്ങളും നൽകിയതായും അമേരിക്കൻ ക്രൂയിസ് ലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ടാങ്കർ കപ്പൽ ക്രൂയിസ് ബോട്ടിൽ ഇടിക്കാനുണ്ടായ സാഹചര്യം കണ്ടെത്താനായി യുഎസ് കോസ്റ്റ് ഗാർഡും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മിസിസിപ്പി നദിയിലൂടെയുള്ള കപ്പൽ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.