ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണം; മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

 

ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലഭിക്കുന്ന ബലിമാംസം കഴിക്കുന്നതിൽ പൊതുജനങ്ങൾ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA). പെരുന്നാൾ ദിവസങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലും മാംസം സുലഭമായി ലഭിക്കുമെന്നതിനാൽ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് അതോറിറ്റിയുടെ ഈ പ്രത്യേക മുൻകരുതൽ നിർദ്ദേശം.

ആഘോഷവേളകളിലും ആരോഗ്യകരവും സമീകൃതവുമായ പോഷകാഹാര ശീലം നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ ദൈനംദിന പ്രോട്ടീന്റെ അളവ് കൃത്യമായി മനസ്സിലാക്കി വേണം മാംസം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. ഒരാൾക്ക് ഒരു ദിവസം ആവശ്യമായ ആകെ കലോറി ശരാശരി 2000 ആയി കണക്കാക്കിയാൽ, അതിൽ 15 ശതമാനം മുതൽ 20 ശതമാനം വരെ മാത്രമായിരിക്കണം പ്രോട്ടീനിൽ നിന്ന് ലഭിക്കേണ്ടത്. അതായത് പ്രതിദിനം 300 മുതൽ 400 വരെ കലോറി പ്രോട്ടീൻ മാത്രമേ ശരീരത്തിൽ എത്താവൂ എന്ന് അതോറിറ്റി വ്യക്തമാക്കുന്നു.

മാംസവിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ഒരു ദിവസം 2 മുതൽ 3 പോർഷൻ (Portions) വരെ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഇതിൽ ഒരു പോർഷൻ എന്നത് വെറും 30 ഗ്രാമിന് തുല്യമാണ്. ബലിപെരുന്നാൾ കാലത്ത് അമിതമായി മാംസാഹാരം കഴിക്കുന്നത് വഴി ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.