പാസ്‌പോർട്ട്, വിസ എന്നിവയുടെ പേരിൽ പണം തട്ടിപ്പ്; ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

 

പാസ്‌പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകൾ എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിച്ചുനൽകാമെന്ന വ്യാജേന പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി. ഔദ്യോഗിക രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് തെറ്റിധരിപ്പിച്ച് പ്രവാസികളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എംബസി കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പാസ്‌പോർട്ട്, വിസ വിവരങ്ങൾ അറിയാമെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ, രേഖകളിൽ പ്രശ്നങ്ങളുണ്ടെന്നും പണം നൽകിയാൽ അവ പരിഹരിക്കാമെന്നും വിശ്വസിപ്പിക്കാൻ ശ്രമിക്കും. വിസ റദ്ദാക്കൽ, നാടുകടത്തൽ, അറസ്റ്റ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ ഭയപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞ് ഉടൻ പണം ആവശ്യപ്പെടുന്ന ഇത്തരം കോളുകൾ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാണെന്ന് എംബസി വ്യക്തമാക്കി.

അപരിചിതർക്ക് പാസ്‌പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങളോ വിവരങ്ങളോ കൈമാറരുതെന്നും ഫോൺ നമ്പറുകൾ മാത്രം കണ്ട് ആൾമാറാട്ടം തിരിച്ചറിയണമെന്നും അധികൃതർ നിർദേശിച്ചു. തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ ബാങ്കുകളെയോ ഒമാനിലെ പൊലീസിനെയോ വിവരം അറിയിക്കണം.