ദുബായിൽ പ്രതിമാസ വാടക പേയ്മെന്റ് സംവിധാനം നിലവിൽ വന്നു

 

ദുബായിൽ വാടക നൽകാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പലതവണയായി വാടക നൽകാൻ കഴിയുന്ന ഫ്‌ലെക്‌സി സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് . വാടക മുടങ്ങിയാൽ തിരിച്ചടവിന് കൂടുതൽ സമയം ലഭിക്കാനും പുതിയ നിയമത്തിൽ സംവിധാനമുണ്ട്.ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് ഈ പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്. പുതിയതായി വീടെടുക്കുന്നവർക്കും നിലവിൽ വാടകയ്ക്ക് താമസിക്കുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭ്യമാവും.

വർഷത്തിൽ ഒന്നോ അല്ലെങ്കിൽ ചുരുങ്ങിയ ചെക്കുകളായോ വലിയ തുക ഒന്നിച്ചു നൽകുന്ന രീതിക്ക് പകരം, വാടക തുക 12 മാസത്തെ തവണകളായി അടയ്ക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. വാടക നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്. വലിയ തുക വാടകയായി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് തങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ എളുപ്പമാക്കാൻ ഈ പ്രതിമാസ വാടക സംവിധാനം സഹായകമാവും.

മാത്രമല്ല മുമ്പ് നാല് ചെക്കുകളായി വാടക നൽകാൻ കരാറിലേർപ്പെട്ടവർ പുതിയ പ്രതിമാസ പേയ്‌മെന്റ് പ്ലാനിലേക്ക് മാറുമ്പോൾ സാധാരണ ഈടാക്കാറുള്ള കാലതാമസ ഫീസുകളും ഒഴിവാക്കി നൽകും. കൂടാതെ വാടക കരാറുകളിൽ പ്രത്യേകമായി ഇളവ് നൽകുന്ന ഗ്രേസ് പിരീഡുകൾ അനുവദിക്കാനും, ചില പ്രത്യേക സാഹചര്യങ്ങളിൽ വാടക വർദ്ധനവ് ഒഴിവാക്കി നൽകാനും പുതിയ നിയമം വഴി സാധിക്കും.