കു​വൈത്തിൽ സുരക്ഷ ശക്തമാക്കാൻ കൂടുതൽ എ.ഐ സ്മാർട്ട് കാമറകൾ; നിരീക്ഷണ ദൃശ്യങ്ങൾ ചോർത്തിയാൽ അഞ്ചു വർഷം തടവും പിഴയും

 

കു​വൈത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുമായി എ.ഐ സ്മാർട്ട് കാമറകൾ വ്യാപകമാക്കുന്നു. സംശയസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന വ്യക്തികളെയും വാഹനങ്ങളെയും വേഗത്തിൽ തിരിച്ചറിയാൻ ആധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും കാമറകളിൽ പ്രയോജനപ്പെടുത്തും. റഡാറിലോ കാമറയിലോ സംശയിക്കുന്ന വ്യക്തി പതിഞ്ഞാൽ തൽസമയം തന്നെ കൺട്രോൾ റൂമിലേക്ക് അലേർട്ട് എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

സർക്കാർ സ്ഥാപനങ്ങളെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും കേന്ദ്ര സുരക്ഷാ ശൃംഖലയുടെ കീഴിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയെയും ഈ ശൃംഖലയുമായി ബന്ധിപ്പിച്ചുവരുന്നു. ക്യാമറകളിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്താൽ അഞ്ചു വർഷം വരെ തടവും 10,000 ദീനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും.

എ.ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കാമറ സംവിധാനങ്ങൾ ഓരോ അഞ്ചു വർഷത്തിലും നവീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.