ദോഹയിൽ നിന്ന് കൂടുതൽ വിദേശ എയർലൈൻസുകളുടെ സർവീസ് പ്രഖ്യാപിച്ചു; പ്രവാസികൾക്ക് ആശ്വാസം

 

യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുനഃരാരംഭിക്കുന്നു. ഖത്തർ സിവിൽ വ്യോമയാന അതോറിറ്റിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഇന്നു മുതൽ ജൂലൈ ഒന്നു വരെയുള്ള വിവിധ ഘട്ടങ്ങളിലായാണ് വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുക. അതേസമയം, എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വിമാനത്താവളം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജൂലൈ ഒന്നിനുള്ളിൽ എട്ട് പുതിയ വിദേശ വിമാനക്കമ്പനികൾ കൂടി സർവീസ് പുനഃരാരംഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് (ഏപ്രിൽ 27) മുതൽ ജൂലൈ ആദ്യവാരം വരെയുള്ള സർവീസ് വിവരങ്ങൾ:

  • ഏപ്രിൽ 27, 28: ബദ്ർ എയർലൈൻസ്, സിറിയൻ എയർ, ഈജിപ്ത് എയർ, ഹിമാലയ എയർലൈൻസ് എന്നിവ സർവീസുകൾ ആരംഭിക്കും.
  • മെയ് 1: ഗൾഫ് എയർ.
  • മെയ് 4: എത്യോപ്യൻ എയർലൈൻസ്.
  • മെയ് 6: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാം എയർ.
  • ജൂലൈ 1: റോയൽ എയർ മറോക്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞയാഴ്ച ഫ്ളൈ ദുബൈ, എയർ അറേബ്യ, ഒമാൻ എയർ, റോയൽ ജോർദാനിയൻ ഉൾപ്പെടെയുള്ള എട്ട് കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചിരുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റിയുടെ ഈ നടപടി.

യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തെത്തുടർന്ന് ഖത്തർ എയർവേയ്‌സ് മാത്രമാണ് കുറച്ചുനാളായി സർവീസ് നടത്തിയിരുന്നത്. കൂടുതൽ വിദേശ വിമാനങ്ങൾ സർവീസ് പുനഃരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ അപ്‌ഡേറ്റിനായി പ്രവാസികൾ കാത്തിരിക്കുകയാണ്.