ബഹ്‌റൈനിൽ കഴിഞ്ഞ വർഷം ഉപയോഗിച്ചത് 25,000 മെട്രിക് ടണ്ണിലധികം മത്സ്യം
കഴിഞ്ഞ വർഷം ബഹ്‌റൈനിൽ മത്സ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടായതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വ്യക്തമാക്കി. 25,000 മെട്രിക് ടണ്ണിലധികം മത്സ്യമാണ് രാജ്യത്ത് ആകെ ഉപയോഗിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക മത്സ്യ ഉപഭോഗത്തിൽ 6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.
2025-ൽ രാജ്യത്തെ മത്സ്യബന്ധന മേഖലയിലൂടെ 2 കോടി ബഹ്‌റൈൻ ദീനാറിലധികം മൂല്യമുള്ള 16,961.30 ടൺ മത്സ്യം ലഭിച്ചു. ഈ കാലയളവിൽ 20,495 ടൺ മത്സ്യം ഇറക്കുമതി ചെയ്യുകയും 12,427 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത രീതിയായ 'ഗർഗൂർ' വഴിയാണ് കൂടുതൽ മീനുകളും ലഭിച്ചത്. വിപണിയിൽ മനാമ സെൻട്രൽ മാർക്കറ്റ് വഴിയാണ് ഏറ്റവും കൂടുതൽ മത്സ്യം വിറ്റഴിച്ചത്.
നിലവിൽ 4,429 മത്സ്യത്തൊഴിലാളികളും 1,373 അംഗീകൃത ബോട്ടുകളുമാണ് രാജ്യത്തുള്ളത്. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനായി ചിലയിനം മത്സ്യങ്ങൾക്കും ഷ്രിമ്പിനും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നേട്ടമായെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.