സൗദിയിൽ 33,000-ത്തിലധികം ടൊയോട്ട, ലക്സസ് വാഹനങ്ങൾ തിരിച്ചുവിളിച്ചു; ക്യാമറ ഡിസ്‌പ്ലേയിൽ തകരാർ
സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് ടൊയോട്ടയുടെയും ലക്സസിന്റെയും വിവിധ മോഡലുകളിലായി 33,250 വാഹനങ്ങൾ സൗദി അറേബ്യ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. വാഹനങ്ങളിലെ ഇലക്ട്രോണിക് പാർക്കിംഗ് അസിസ്റ്റൻസ് കൺട്രോൾ യൂണിറ്റ് പ്രോഗ്രാമിംഗിലെ പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ ഈ നടപടി.
വാഹനങ്ങൾ റിവേഴ്സ് എടുക്കുമ്പോൾ പിന്നിലെ ക്യാമറ ദൃശ്യങ്ങൾ ഡിസ്‌പ്ലേ സ്‌ക്രീനിൽ കൃത്യമായി തെളിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത് ഡ്രൈവർമാർക്ക് കാഴ്ചാതടസ്സമുണ്ടാക്കാനും അപകടസാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരമായി ഈ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
തകരാർ സൗജന്യമായി പരിഹരിക്കുന്നതിനായി ടൊയോട്ട ഉടമകൾ 8004400055 എന്ന നമ്പറിലും, ലക്സസ് ഉടമകൾ 8001220022 എന്ന ടോൾ ഫ്രീ നമ്പറിലും പ്രാദേശിക ഡീലർമാരുമായി ബന്ധപ്പെടണം. തങ്ങളുടെ വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയത്തിന്റെ recalls.sa എന്ന വെബ്സൈറ്റിൽ വി.ഐ.എൻ (VIN) നമ്പർ നൽകിയാൽ മതിയാകും.