റിയാദിൽ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം പ്രവർത്തനം ആരംഭിച്ചു

 

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം റിയാദിലെ ആസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാകിസ്താനിൽ നിന്നുള്ള കമാൻഡർ റാഷിദ് ഷെയ്ഖ് സഖ്യത്തിന്റെ ഡെപ്യൂട്ടി കമാൻഡറായി ചുമതലയേറ്റതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യത്തിലെ വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള ലെയ്സൺ ഓഫീസർമാർ ഘട്ടംഘട്ടമായി തങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു വരികയാണ്.

അടുത്തിടെ മക്കയിൽ വെച്ചാണ് ഈ നാവിക കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. റിയാദ് സ്ഥിരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ആഗോള സമുദ്ര സുരക്ഷ ഉറപ്പാക്കുക, വിദേശ വ്യാപാര-നാവിക പാതകൾ സംരക്ഷിക്കുക എന്നതുമാണ്.

പ്രത്യേകിച്ച് ബാബ് എൽ-മന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നീ തന്ത്രപ്രധാനമേഖലകളിലൂടെയുള്ള ആഗോള ഊർജ്ജ വിതരണം തടസ്സമില്ലാതെ സുരക്ഷിതമാക്കാൻ ഈ സഹകരണം സഹായിക്കും. ഐക്യരാഷ്ട്രസഭയുടെ കരാറുകൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും പൂർണമായും വിധേയമായിട്ടായിരിക്കും സഖ്യത്തിന്റെ പ്രവർത്തനങ്ങൾ.