കെനിയയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം നിലംപൊത്തി; നിരവധിപേരെ കാണാനില്ല
കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിർമാണത്തിലിരുന്ന പത്തിലേറെ നിലകളുള്ള ബഹുനിലക്കെട്ടിടം തകർന്നുവീണു. അപകടത്തിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. നെയ്റോബിയിലെ ഈസ്റ്റ്ലീ മേഖലയിലെ തിരക്കേറിയ തെരുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
മുകളിലത്തെ നിലകളിൽ നിർമാണം പുരോഗമിക്കുമ്പോഴും താഴത്തെ നിലകൾ കടകൾക്കായി വാടകയ്ക്ക് നൽകിയിരുന്നു. കെട്ടിടം തകരുന്നത് കണ്ട് തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലർ ഫോണിൽ വിളിച്ച് സഹായമഭ്യർത്ഥിച്ചെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
അപകടത്തിൽപ്പെട്ട കെട്ടിടം സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ പ്രദേശത്തുനിന്നും ആളുകളെ ഒഴുപ്പിച്ചുമാറ്റി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ, കെട്ടിടത്തിന് ഒക്യുപേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കി. അതിനിടെ, അപകടസ്ഥലത്ത് കൊള്ളയടിക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.