മസ്‌കത്തിൽ വാണിജ്യ പരസ്യങ്ങൾക്കും സൈൻ ബോർഡുകൾക്കും പുതിയ നിയന്ത്രണങ്ങളുമായി മുൻസിപ്പാലിറ്റി
ഒമാൻ തലസ്ഥാന നഗരിയുടെ ഭംഗി നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാണിജ്യ പരസ്യങ്ങൾ, കടകളുടെ സൈൻ ബോർഡുകൾ, ബിൽബോർഡുകൾ എന്നിവയ്ക്ക് മസ്‌കത്ത് മുൻസിപ്പാലിറ്റി പുതിയ കർശന മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നഗരസൗന്ദര്യത്തിന് ഭംഗികേടുണ്ടാക്കുന്നതും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളതുമായ പരസ്യബോർഡുകൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും. പുതിയ നിർദേശപ്രകാരം മുൻസിപ്പാലിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ താൽക്കാലിക പരസ്യങ്ങൾ സ്ഥാപിക്കാൻ പാടില്ല. കൂടാതെ, 20 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ മാത്രമേ ഇനിമുതൽ റൂഫ്ടോപ്പ് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതിയൂണ്ടായിരിക്കുകയുള്ളൂ.
വ്യാപാരികൾക്ക് പ്രധാന നിർദ്ദേശങ്ങൾ നൽകുന്ന പുതിയ നിയമത്തിൽ, കടകളുടെ മുൻവശത്തെ ഗ്ലാസ് വിൻഡോകളിൽ പതിക്കുന്ന പ്രൊമോഷണൽ സ്റ്റിക്കറുകൾ മൊത്തം ഭാഗത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്ന് വ്യക്തമാക്കുന്നുണ്ട്. കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലോ, വാഹന ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലോ, ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലോ ഒരു തരത്തിലുള്ള പരസ്യ ബോർഡുകളും സ്ഥാപിക്കാൻ പാടില്ല.
പരസ്യങ്ങളിലെ ഉള്ളടക്കവും ഇനി മുതൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും. പരസ്യബോർഡുകളിലെ ഭാഷാ-വിവർത്തന പിശകുകളും അക്ഷരത്തെറ്റുകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി വ്യാപാരികൾക്ക് കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അപകടകരമായ രീതിയിൽ ബോർഡുകൾ നിലനിർത്തുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കി വലിയ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.