ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
Sep 24, 2026, 11:27 IST
സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി ആവശ്യമായ മുനിസിപ്പൽ ലൈസൻസുകൾ കരസ്ഥമാക്കിയിരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ നിയമങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള ഭരണനടപടികൾ കൈക്കൊള്ളുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അനുമതിയില്ലാതെ പ്രവർത്തിക്കാൻ പാടില്ലെന്നും, പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ എല്ലാ അനുമതിപത്രങ്ങളും ലൈസൻസുകളും ഉറപ്പുവരുത്തണമെന്നും സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.