മസ്‌കത്ത്-ബെയ്‌ജിങ് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം; ചൈനീസ് എയർലൈൻസിന് ഊഷ്മള സ്വീകരണം

 

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബെയ്‌ജിങ്ങിൽ നിന്നുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബെയ്‌ജിങ് ഡാക്‌സിങ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്നെത്തിയ വിമാനം ഞായറാഴ്ച വൈകുന്നേരമാണ് മസ്‌കത്തിൽ ഇറങ്ങിയത്. ഇതോടെ മസ്‌കത്ത്-ബെയ്‌ജിങ് നേരിട്ടുള്ള വിമാന സർവീസ് യാഥാർത്ഥ്യമായി.

ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും ഒമാനിലെ ചൈനീസ് എംബസിയും സഹകരിച്ചാണ് ഈ പുതിയ വിമാന റൂട്ട് ആരംഭിച്ചത്. ഈ സർവീസ് ഒമാനും ചൈനയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്നതിന് പുറമെ, ടൂറിസം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ വളർച്ചക്ക് ഗണ്യമായി സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ ഷെഡ്യൂൾ പ്രകാരം, 299 സീറ്റ് ശേഷിയുള്ള എയർബസ് A330-300 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും സർവീസുകൾ നടത്തുക.