അന്യഗ്രഹ ജീവികൾ വേഷം മാറി നമുക്കിടയിൽ വസിക്കുന്നു?; ഞെട്ടിക്കുന്ന പഠനം

 

പ്രപഞ്ചത്തിൽ ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ശാസ്ത്രജ്ഞർ വർഷങ്ങളായി തേടുകയാണ്, പക്ഷേ ഇതുവരെ അവർ വിജയിച്ചിട്ടില്ല. ലോകത്ത് അന്യഗ്രഹജീവികളുടെ അസ്തിത്വത്തെക്കുറിച്ച് കാലാകാലങ്ങളിൽ നിരവധി അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കണ്ടതായി പറഞ്ഞ് നിരവധി ആളുകൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ ഭൂമിയിൽ നമുക്കിടയിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞർ. നൊബേൽ പുരസ്‌കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികൾ മുൻമ്പും ഭൂമിയിൽ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനിൽക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു. മനുഷ്യരുടെ കൂടെ ഇവർ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയിൽ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികൾ ഭീഷണിയാകുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാൻഹട്ടനിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ധത്തിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്. ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവരാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. ക്രിപ്റ്റോടെറസ്ട്രിയൽ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹ ജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നാണ് ഈ സങ്കല്പത്തിൽ പറയുന്നത്.

ഇത്തരത്തിൽ ജീവികളുണ്ടാകാൻ സാദ്ധ്യയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.