അമേരിക്കയിൽ എയർ ഷോയ്ക്കിടെ നാവികസേനാ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമേരിക്കയിലെ ഐഡഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ രണ്ട് യുഎസ് നാവികസേനാ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും പാരച്യൂട്ട് വഴി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വ്യോമതാവളത്തിൽ ഉണ്ടായിരുന്ന മറ്റ് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സൈനിക വക്താക്കൾ അറിയിച്ചു.
വാഷിംഗ്ടണിലെ വിഡ്ബേ ഐലൻഡിൽ നിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129-ൽ പെട്ട രണ്ട് യുഎസ് നേവി EA-18G ഗ്രൗളർ (EA-18G Growler) വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. എയർ ഷോയ്ക്കിടെ വിമാനങ്ങൾ പരസ്പരം തട്ടുകയും തുടർന്ന് വായുവിൽ ഒരുമിച്ച് കറങ്ങി താഴേക്ക് പതിക്കുകയുമായിരുന്നു. നിലത്തു വീണയുടൻ വിമാനങ്ങൾക്ക് തീപിടിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയും ചെയ്തു. അപകടത്തെ തുടർന്ന് മിലിട്ടറി ബേസ് ഉടൻ തന്നെ അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ റദ്ദാക്കുകയും ചെയ്തു.
സാധാരണയായി വായുവിൽ വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ല. എന്നാൽ ഇവിടെ വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം വായുവിൽ കോർത്തു കിടന്നതിനാലാണ് ഇവർക്ക് ഇജക്റ്റ് ചെയ്ത് രക്ഷപെടാൻ ആവശ്യമായ സമയം ലഭിച്ചതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. സാങ്കേതിക തകരാറല്ല, മറിച്ച് വിമാനങ്ങൾ തമ്മിലുള്ള അകലം പാലിക്കുന്നതിൽ വന്ന പൈലറ്റിന്റെ പിഴവാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.