അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുകും; മുന്നറിയിപ്പുമായി ഷാർജ പോലീസ്
ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധയും ശ്രദ്ധക്കുറവും വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. മുന്നറിയിപ്പിന്റെ ഭാഗമായി നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. നിയന്ത്രണം വിട്ട കാർ ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറി, ദിശാബോർഡ് തകർത്ത് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം.
റൗണ്ട് എബൗട്ടുകളിലേക്കും പ്രധാന റോഡുകളിലേക്കും പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും കൃത്യമായ വഴി കാണിക്കുന്നതിനുമാണ് ട്രാഫിക് ഐലൻഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ തിരിയുന്നതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് വ്യക്തമാക്കിയ പോലീസ്, റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്ന് നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം യു.എ.ഇയിലുണ്ടായ പ്രധാന റോഡപകടങ്ങളിൽ 60 ശതമാനവും ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവ്, പെട്ടെന്ന് ലെയ്ൻ മാറുക, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡ്രൈവർമാർ റോഡിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.