നേപ്പാൾ മിന്നൽപ്രളയം: മരണം 1003 ആയി; 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1003 ആയി. മലയാളികൾ ഉൾപ്പെടെ 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. വിദേശികൾ ഉൾപ്പെടെ പതിനൊന്നായിരത്തിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650ലധികം പേരെയും ഇനിയും കണ്ടെത്താനുണ്ട്. ഇന്ത്യയിൽ നിന്നുള്ള തുരങ്ക രക്ഷാപ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അതിനിടെ നദികളിലും അരുവികളിലും ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് നേപ്പാളിൽ പ്രളയ മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
നേപ്പാൾ ദുരന്തത്തിൽ കൊല്ലം പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണി രാജനെയും കാണാതായിട്ടുണ്ട്.
മിന്നൽപ്രളയത്തെ തുടർന്ന് ഉത്തർപ്രദേശിൽ 17 മൃതദേഹങ്ങൾ കണ്ടെത്തി. മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാകാത്ത നിലയിലാണ്.