നേപ്പാൾ മിന്നൽപ്രളയം: മരണം 1,127 ആയി; 4,858 പേരെ കാണാനില്ല

 

നേപ്പാളിൽ ദുരന്തം വിതച്ച അതിശക്തമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി ഉയർന്നു. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ആയിരക്കണക്കിന് പേരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.

നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽനിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽനിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽനിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽനിന്ന് 155 മൃതദേഹങ്ങളും കണ്ടെത്തി. ഗോർഖയിൽനിന്ന് 66, ധാദിങ്ങിൽനിന്ന് 59, റസുവയിൽനിന്ന് 45, തനാഹുവിൽനിന്ന് 38 മൃതദേഹങ്ങളും കണ്ടെടുത്തു.

1,113 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടവും തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. ഇതിൽ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാൻ കഴിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ ബന്ധുക്കളെ കണ്ടെത്താനും തിരിച്ചറിയാനും കുടുംബങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

പ്രളയബാധിത മേഖലകളിൽനിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. എന്നാൽ 4,858 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി 7,912 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ പ്രളയബാധിത മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.