യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക്
യു.എ.ഇയിൽ 2026-27 അധ്യയന വർഷത്തിന് നാളെ (ഓഗസ്റ്റ് 31) തുടക്കമാകും. പൊതു-സ്വകാര്യ മേഖലകളിലെ 1,180-ലധികം സ്കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് നാളെ ക്ലാസുകളിലേക്ക് എത്തുന്നത്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെയുള്ള ആദ്യ നാല് ദിവസങ്ങളിൽ ഘട്ടം ഘട്ടമായ പ്രവേശനവും സമയ ഇളവുകളുമാണ് മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ 4 മുതൽ ക്ലാസുകൾ സാധാരണ സമയക്രമത്തിലേക്ക് മാറും.
വിദ്യാർഥികൾക്കായി പൊതു സ്കൂളുകളുടെ 5,810 ബസുകൾ സർവീസ് നടത്തും. അബൂദബിയിൽ 10,000 ബസുകളും ദുബായിൽ പ്രത്യേക സുരക്ഷാ പരിശോധന പൂർത്തിയാക്കിയ സ്കൂൾ ബസുകളുമാണ് സർവീസിനിറങ്ങുന്നത്. പൊലീസും സിവിൽ ഡിഫൻസും ആംബുലൻസ് വിഭാഗങ്ങളും റോഡുകളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, പ്രാഥമിക വിഭാഗത്തിലോ അതിനു മുകളിലോ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആദ്യ ദിനത്തിൽ മൂന്ന് മണിക്കൂർ വരെ ജോലിസമയത്തിൽ ഇളവ് അനുവദിച്ചു. നഴ്സറി, കെ.ജി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഈ ആനുകൂല്യം ലഭ്യമാകും.
സ്കൂൾ തുറക്കുന്ന ഓഗസ്റ്റ് 31-ന് അപകടങ്ങളോ ഗതാഗത ലംഘനങ്ങളോ ഇല്ലാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഡ്രൈവിങ് ലൈസൻസിലെ 4 ബ്ലാക്ക് പോയിന്റുകൾ കുറച്ചുനൽകും. അതേസമയം, സ്കൂൾ ബസുകൾ 'Stop' ബോർഡ് നിവർത്തുമ്പോൾ 5 മീറ്റർ അകലെ വാഹനം നിർത്തിയിടാത്ത ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ലഭിക്കും. പഠനരീതിയിലും ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കെ.ജി മുതൽ ഗ്രേഡ് 2 വരെയുള്ള കുട്ടികൾക്ക് ഗൃഹപാഠം (Home Work) ഒഴിവാക്കി; പകരം വായന പ്രോത്സാഹിപ്പിക്കും. കൂടാതെ, ഗ്രേഡ് 6 വിദ്യാർഥികൾക്ക് പ്രധാന വിഷയങ്ങൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾക്ക് പകരം പേനയും പേപ്പറും ഉപയോഗിച്ചുള്ള പഠനരീതി നടപ്പാക്കും.