പുതിയ അധ്യയന വർഷം: ഖത്തറിൽ ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുന്നു

 

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഖത്തറിൽ ആറ് പുതിയ സർക്കാർ സ്കൂളുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെയും സ്കൂൾ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇതോടൊപ്പം 17 പുതിയ പ്രധാനാധ്യാപകരെ നിയമിക്കാനും 17 പേരെ സ്ഥലം മാറ്റാനും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ നിർദേശം നൽകി.

സയൻസ് ആൻഡ് ടെക്നോളജി പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (അൽ സഖാമ), സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (റൗദത്ത് അൽ ഹമാമ), ഐൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ദോഹ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ്, അൽ തഖീറ പ്രൈമറി സ്കൂൾ ഫോർ ബോയ്സ്, മുഐതിർ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് എന്നിവയാണ് പുതിയതായി തുറക്കുന്ന വിദ്യാലയങ്ങൾ. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.