റഫയിൽ പുതിയ ബൊളിവാർഡ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

 

ബഹ്‌റൈനിൽ റോഡ് വികസനത്തിന്റെയും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി റഫയിലെ ബൊളിവാർഡ് റോഡ് പൊതുമരാമത്ത് മന്ത്രാലയം ഗതാഗതത്തിനായി തുറന്നു. സല്ലാഖ് ഹൈവേയെയും ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാത.

ഇരുവശങ്ങളിലേക്കും രണ്ട് വരികൾ (Lanes) വീതമുള്ള റോഡിന് ഏകദേശം 2.5 കിലോമീറ്റർ നീളമുണ്ട്. ഈ പാത നിലവിൽ വന്നതോടെ സല്ലാഖ് ഹൈവേ - ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും.

പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് പുതിയ യു-ടേൺ നിർമ്മിക്കുകയും സല്ലാഖ് ഹൈവേയിൽ നിന്നുള്ള വലത് തിരിവ് രണ്ട് വരികളായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റഫ മേഖലയിലെ വേഗത്തിലുള്ള നഗരവികസനവും വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങളും മുൻനിർത്തിയാണ് മന്ത്രാലയം പദ്ധതി പൂർത്തിയാക്കിയത്.