‘കൺസ്യൂമർ പ്രൊട്ടക്ഷൻ’ പേരിൽ പുതിയ സൈബർ തട്ടിപ്പ്; പരാതി നൽകാൻ ലിങ്ക് തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും, മുന്നറിയിപ്പുമായി ദുബായ് പോലീസ്
ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ ‘ഉപഭോക്തൃ സംരക്ഷണം’ (കൺസ്യൂമർ പ്രൊട്ടക്ഷൻ) എന്ന പേരിൽ വ്യാജ ലിങ്കുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ അപരിചിതമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. പരാതികൾ സമർപ്പിക്കുന്നതിനായി ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും ബാങ്കിങ് വിവരങ്ങൾ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഓർമ്മിപ്പിച്ചു.
തട്ടിപ്പ് രീതി ഇങ്ങനെ:
ഉപഭോക്താക്കൾ ഇന്റർനെറ്റിൽ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോഴാണ് ചതിക്കുഴിയിൽ വീഴുന്നത്. ഔദ്യോഗിക പ്ലാറ്റ്‌ഫോമിന് സമാനമായ വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന ഉപഭോക്താക്കളോട് പേര്, ഫോൺ നമ്പർ, പരാതിയുടെ വിഷയം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. തുടർന്ന് ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുകയും, വെബ്‌സൈറ്റിൽ നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞു കേൾപ്പിച്ച് ഇരകളുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും.
വിശ്വാസം നേടിയെടുത്ത ശേഷം, ഫോണിലോ കമ്പ്യൂട്ടറിലോ റിമോട്ട് ആക്സസ് ലഭിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത് വഴി ഫോൺ സ്ക്രീൻ പൂർണ്ണമായി നിരീക്ഷിക്കുന്ന തട്ടിപ്പുകാർ, ഒ.ടി.പി ഉൾപ്പെടെയുള്ള രഹസ്യ ബാങ്കിങ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലുള്ള പണം മുഴുവൻ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. സ്മാർട്ട് ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന ഇത്തരം മാരക സോഫ്റ്റ്‌വെയറുകൾക്കെതിരെ ജാഗ്രത പാലിക്കണം. സമാനമായ രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ഉണ്ടായാൽ ഉടനടി ദുബായ് പൊലീസിന്റെ ഔദ്യോഗിക ‘ഇ-ക്രൈം’ (eCrime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ വിളിച്ച് വിവരമറിയിക്കണമെന്ന് ആന്റി ഫ്രോഡ് സെന്റർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.