ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദമ്മാമിൽ പുതിയ പരീക്ഷണം; ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്യുന്നു
നഗരത്തിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനുമായി വിപ്ലവകരമായ പരിഷ്കാരവുമായി ദമ്മാം മുനിസിപ്പാലിറ്റി. തിരക്കേറിയ പ്രധാന ജങ്ഷനുകളിൽ നിന്ന് ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടികൾക്ക് ഞായറാഴ്ച തുടക്കമായി. സിഗ്നലുകൾ ഒഴിവാക്കുന്നത് ഗതാഗത വേഗതയെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ശേഷം നഗരത്തിലെ മറ്റ് പ്രധാന കവലകളിലും സമാനമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അമീർ നായിഫ് റോഡും കിങ് അബ്ദുൽ അസീസ് സ്ട്രീറ്റും സംഗമിക്കുന്ന പ്രധാന കവലയിലാണ് ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. നഗരത്തിലെ തന്ത്രപ്രധാനമായ എല്ലാ സിഗ്നലുകളും പുനപരിശോധിക്കാനും ശാസ്ത്രീയമായ ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള വിപുലമായ വികസന പദ്ധതിയുടെ ഭാഗമാണിത്. സിഗ്നലുകൾക്ക് പകരം യു-ടേണുകളോ റൗണ്ട് എബൗട്ടുകളോ സ്ഥാപിച്ച് വാഹനങ്ങൾ കാത്തുനിൽക്കുന്നത് ഒഴിവാക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്.
സമാനമായ രീതിയിൽ ഖോബാർ മുനിസിപ്പാലിറ്റിയും ഗതാഗത പരിഷ്കരണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആഗോള 'ഐ.എം.ഡി സ്മാർട്ട് സിറ്റി' സൂചികയിൽ ഇടംപിടിച്ച ഖോബാർ, തങ്ങളുടെ ട്രാഫിക് സിഗ്നലുകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (AI) ബന്ധിപ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണത്തിനായി നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിലൂടെ നഗരത്തിലെ സുരക്ഷ വർദ്ധിപ്പിക്കാനും ജനസംഖ്യാ വർദ്ധനവിന് അനുസരിച്ചുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദമ്മാമിലെ ഈ പുതിയ പരീക്ഷണം വിജയിച്ചാൽ നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.