ദുബായിൽ വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള പുതിയ ഫീസ് നിരക്കുകൾ പ്രഖ്യാപിച്ചു
ദുബായിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത പിഴയും വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള പുതിയ റിലീസ് ഫീസ് നിരക്കുകളും പ്രഖ്യാപിച്ച് ദുബായ് പൊലീസ്. കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് 10,000 ദിർഹം മുതൽ 1 ലക്ഷം ദിർഹം വരെയാണ് വാഹനം മോചിപ്പിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത്. 2023-ലെ 30-ാം നമ്പർ ഉത്തരവ് പ്രകാരമാണ് കർശനമായ ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്.
അനുമതിയില്ലാതെ റോഡ് റേസുകളിൽ പങ്കെടുക്കുന്നവർക്ക് 1 ലക്ഷം ദിർഹം വരെയാണ് റിലീസ് ഫീസ് വരുന്നത്. റെഡ് സിഗ്നൽ മറികടക്കുക, 18 വയസ്സിന് താഴെയുള്ളവർ വാഹനമോടിക്കുക, വ്യാജ നമ്പറുകൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 ദിർഹവും, അമിത ശബ്ദമുണ്ടാക്കുന്ന വലിയ രൂപമാറ്റങ്ങൾ വരുത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക തുടങ്ങിയവയ്ക്ക് 10,000 ദിർഹവുമാണ് ഫീസ്. പിഴത്തുക 6,000 ദിർഹത്തിൽ കവിഞ്ഞാലും വാഹനം കണ്ടുകെട്ടും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴയും കണ്ടുകെട്ടുന്ന കാലാവധിയും ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.