ഷാർജയിൽ പുതിയ മേൽപ്പാലം; മലീഹ റോഡ് വികസനത്തിന് 14 കോടി ദിർഹം

 

ഖലീഫ ബിൻ സായിദ് റോഡിനെയും മലീഹ റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാല നിർമാണ പദ്ധതിക്ക് അംഗീകാരം. 14 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഷാർജ റോഡ് ഗതാഗത അതോറിറ്റി ചെയർമാൻ എൻജിനീയർ യൂസുഫ് ഖാമിസ് അൽ ഉസ്മാനിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഇരുദിശകളിലുമായി മൂന്ന് വരികളോടെയാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഗതാഗത തിരക്ക് കുറയ്ക്കാനും യാത്രാസമയം ചുരുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ മേൽപ്പാലം വഴി യാത്രാസമയം ഏകദേശം ഒമ്പത് മിനിറ്റ് വരെ കുറയുമെന്നാണ് വിലയിരുത്തൽ.നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.