കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പുതിയ പട്ടിക; ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക് അനുമതി
കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അംഗീകൃത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ സർക്കുലർ പ്രകാരം വിസ അനുവദിക്കുക. നിയമപരമായ റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെയും ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.
ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർക്ക് മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയാണ് കുവൈത്തിന് ഇനി റിക്രൂട്ട് ചെയ്യാനാകുക. റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി അതത് ഗവർണറേറ്റ് തലങ്ങളിലുള്ള ഔദ്യോഗിക സേവന കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും അപേക്ഷകൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, വിവിധ കാരണങ്ങളാൽ റിക്രൂട്ട്‌മെന്റിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയ 27 രാജ്യങ്ങളുടെ പട്ടികയും പുതിയ സർക്കുലറിലുണ്ട്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) എന്നിവയുടെ സംയുക്ത വിലയിരുത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ-തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികൾക്ക് മാത്രമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.