ബഹ്റൈനിൽ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിലെ തട്ടിപ്പ് തടയാൻ പുതിയ നീക്കം; വാർഷിക പരിശോധനയിൽ ഓഡോമീറ്റർ റീഡിംഗ് നിർബന്ധമാക്കുന്നു
ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ കിലോമീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്ന വ്യാപക തട്ടിപ്പ് തടയാൻ കർശന നിയമവുമായി ബഹ്റൈൻ. വാർഷിക വാഹന പരിശോധനാ വേളയിൽ ഓഡോമീറ്റർ റീഡിംഗുകൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശം പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഗൗരവമായി പരിഗണിച്ചു വരികയാണ്. എം.പി മുഹമ്മദ് സൽമാൻ അൽ അഹമ്മദാണ് പാർലമെന്റിൽ ഈ പുതിയ നിർദ്ദേശം സമർപ്പിച്ചത്.
പുതിയ നിർദ്ദേശപ്രകാരം ഓരോ വർഷവും വാഹനം പാസ്സാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ എത്തിക്കുമ്പോൾ ഓഡോമീറ്റർ റീഡിംഗ് നിർബന്ധമായും പരിശോധിക്കും. ഈ വിവരങ്ങൾ ട്രാഫിക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ഇലക്ട്രോണിക് റെക്കോർഡിൽ കൃത്യമായി രേഖപ്പെടുത്തും. ഇതുവഴി, ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആ വാഹനത്തിന്റെ മുൻവർഷങ്ങളിലെ യഥാർത്ഥ റീഡിംഗ് ഹിസ്റ്ററി ഓൺലൈനായി പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും.
സെക്കൻഡ് ഹാൻഡ് വിപണിയിൽ വാഹനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിനായി ഓഡോമീറ്റർ കിലോമീറ്റർ കുറച്ചു കാണിക്കുന്ന (Odometer Tampering) പ്രവണത രാജ്യത്ത് വർദ്ധിച്ചുവരുന്നതായി എം.പി ചൂണ്ടിക്കാട്ടി. ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനൊപ്പം വിപണിയുടെ വിശ്വാസ്യത തകർക്കാനും കാരണമാകുന്നുണ്ട്. കൂടാതെ, വാഹനം എത്രത്തോളം ഓടിയിട്ടുണ്ടെന്ന യഥാർത്ഥ വിവരം മറച്ചുവെക്കുന്നത് കൃത്യമായ മെയിന്റനൻസ് നടത്തുന്നതിനെ ബാധിക്കുകയും ഇത് റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാവുകയും ചെയ്യും. ഓഡോമീറ്ററിൽ ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നവർക്ക് കടുത്ത നിയമശിക്ഷ നൽകണമെന്നും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
നിലവിൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ യഥാർത്ഥ കിലോമീറ്റർ പരിശോധിക്കാൻ മറ്റ് ഔദ്യോഗിക മാർഗ്ഗങ്ങളൊന്നുമില്ല. അതിനാൽ ഈ പുതിയ സംവിധാനം അത്യന്താപേക്ഷിതമാണെന്ന് എം.പി പറഞ്ഞു. ആറാം നിയമസഭാ കാലയളവിലെ നാലാമത് സാധാരണ സമ്മേളനത്തിൽ ചർച്ച ചെയ്ത ഈ വിഷയം തുടർ ഭരണഘടനാ അനുമതികൾക്കായി ഉടൻ സമർപ്പിക്കും.