ദുബൈ കൊക്കകോള അരീനയിലേക്ക് പുതിയ കാൽനടപ്പാലം; ഇന്ന് തുറക്കും

 

ദുബൈയിലെ കൊക്കകോള അരീനയിലേക്ക് നിർമിച്ച പുതിയ കാൽനടപ്പാലം ഇന്ന് (നവംബർ 10) യാത്രക്കാർക്കായി തുറന്നുകൊടുക്കും. മെട്രോ യാത്രക്കാർക്ക് എളുപ്പത്തിൽ അരീനയിലെത്താൻ സഹായിക്കുന്ന പദ്ധതി 110 മീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നത്.

ബുർജ് ഖലീഫ / ദുബൈ മാൾ മെട്രോ സ്റ്റേഷനിൽ നിന്ന് ശൈഖ് സായിദ് റോഡിന് കുറുകെ കൊക്കകോള അരീന സ്ഥിതിചെയ്യുന്ന സിറ്റിവാക്കിലേക്ക് എത്താൻ ഈ പാലം വഴി സാധിക്കും. മണിക്കൂറിൽ പതിനായിരം പേർക്ക് കടന്നുപോകാൻ ശേഷിയുള്ളതാണ് പാലമെന്ന് ആർ.ടി.എ (RTA) അധികൃതർ അറിയിച്ചു.

മെട്രോ സ്റ്റേഷനുകളുമായി വിവിധ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ മിറാസുമായി സഹകരിച്ചാണ് പെഡസ്ട്രിയൻ ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കിയത്.