ബഹ്‌റൈനിൽ ഫുഡ് ട്രക്കുകൾക്കായി പുതിയ പൊതുസ്ഥലങ്ങൾ അനുവദിച്ചു

 

ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലുമായി ഫുഡ് ട്രക്കുകൾക്കായി എട്ട് പൊതുസ്ഥലങ്ങൾ അനുവദിച്ച് മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രാലയം. രാജ്യത്ത് വളർന്നുവരുന്ന ഫുഡ് ട്രക്ക് മേഖലയെ ക്രമീകരിക്കുന്നതിനും കൂടുതൽ കുടുംബസൗഹൃദ കേന്ദ്രങ്ങളാക്കുന്നതിനുമാണ് ഈ നടപടി. ഒപ്പം, രജിസ്‌ട്രേഷനും പെർമിറ്റുകൾക്കുമായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമും പുറത്തിറക്കിയിട്ടുണ്ട്.

മുഹറഖ് റിങ് റോഡ്, സിത്ര വാക്ക്‌വേ, ഐൻ ഖസാരി, ഐൻ അൽ ഹുനൈനിയ, ഖലീഫ കുബ്ര ഗാർഡൻ, അബു സുഭ് ബീച്ച്, ബുദൈയ്യ ബീച്ച്, മൽക്കിയ ബീച്ച് എന്നിവിടങ്ങളിലാണ് ഫുഡ് ട്രക്കുകൾക്കായി സ്ഥലം അനുവദിച്ചിരിക്കുന്നത്. അപേക്ഷകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ-സേവനങ്ങൾ വഴി പെർമിറ്റിനായി അപേക്ഷിക്കാം. സ്വകാര്യ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ഉടമയുടെ അനുമതിപത്രവും സമർപ്പിക്കണം.

നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി വ്യവസ്ഥകൾ പാലിക്കാൻ ഡിസംബർ 21 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ ശബ്ദമില്ലാത്ത ജനറേറ്ററുകൾ ഉപയോഗിക്കണമെന്നും രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദ്ദേശമുണ്ട്.