മക്കയിൽ വാണിജ്യ ബോർഡുകൾക്ക് പുതിയ നിയന്ത്രണം
മക്ക നഗരത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും തനിമയും വാസ്തുവിദ്യാ ഭംഗിയും നിലനിർത്തുന്നതിനായി വാണിജ്യ ബോർഡുകൾക്ക് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. മക്ക റോയൽ കമ്മീഷനാണ് ഈ പുതിയ നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി നഗരങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിന്റെയും ഏകീകൃത ശൈലി കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
കടകളുടെ ബോർഡുകളുടെ വലുപ്പം, നിറം എന്നിവയിലുള്ള വ്യത്യാസങ്ങളും കെട്ടിടങ്ങളുടെ പരിധിക്കപ്പുറം ബോർഡുകൾ സ്ഥാപിക്കുന്നതും നഗരത്തിന്റെ കാഴ്ചാഭംഗിയെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ബോർഡുകളുടെ വലുപ്പം, അക്ഷരശൈലി, നിറങ്ങൾ, ഡിസൈൻ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. റോയൽ കമ്മീഷന്റെ കീഴിലുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്.
മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ബോർഡുകൾ നഗരത്തിന്റെ പൈതൃക ശൈലിയോട് ചേർന്നുനിൽക്കുന്നവയായിരിക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബോർഡുകളിൽ മാറ്റം വരുത്തേണ്ടി വരും. ഇതോടെ മക്ക നഗരത്തിന് ആഗോള നിലവാരത്തിലുള്ള ഒരു ഏകീകൃത ദൃശ്യഭംഗി കൈവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.