യു.എ.ഇയിൽ വാഹനം ഓടിക്കാൻ പുതിയ നിയന്ത്രണം; 24 മണിക്കൂറിൽ പരമാവധി 9 മണിക്കൂർ മാത്രം
വാഹനമോടിക്കുന്നവരുടെ ക്ഷീണവും ഉറക്കവും മൂലമുണ്ടാകുന്ന റോഡപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 2027 ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ കർശന ഡ്രൈവിങ് സമയപരിധി നിലവിൽ വരുന്നു. 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരം പുറത്തിറക്കിയ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് ഈ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുതിയ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 7, ഖണ്ഡിക 2 പ്രകാരം 24 മണിക്കൂറിനുള്ളിൽ ഏതൊരു വ്യക്തിക്കും പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. ഹെവി വാഹനങ്ങൾക്കും ട്രക്ക് ഡ്രൈവർമാർക്കും മാത്രമല്ല, രാജ്യത്ത് വാഹനം ഓടിക്കുന്ന എല്ലാ സാധാരണക്കാർക്കും ഈ നിയമം ബാധകമായിരിക്കും. ഒമ്പത് മണിക്കൂർ പൂർത്തിയാകുന്നതിന് മുൻപാണെങ്കിൽ പോലും ക്ഷീണമോ ഉറക്കമോ മൂലമോ സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവിങ് തുടരുന്നത് നിയമലംഘനമായി കണക്കാക്കും.
തുടർച്ചയായ കോട്ടുവായിടൽ, കണ്ണുകളിൽ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷി കുറയുക, ലൈൻ മാറി വാഹനം സഞ്ചരിക്കുക, വേഗതയിൽ അനാവശ്യ മാറ്റങ്ങൾ വരിക എന്നിവ കണ്ടാൽ ഡ്രൈവർമാർ ഉടൻ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തി വിശ്രമിക്കണമെന്ന് ട്രാഫിക് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. 2025-ൽ ഡ്രൈവർമാരുടെ ഉറക്കവും ക്ഷീണവും കാരണം 20-ഓളം ഗുരുതര വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം എമിറേറ്റ്സ് റോഡിൽ ഉറങ്ങിപ്പോയ ട്രക്ക് ഡ്രൈവർ ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് പൊലീസും ഡ്രൈവർമാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു.