യുഎഇയിൽ പുതിയ ഗതാഗത നിയമം; മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിച്ചാൽ കടുത്ത ശിക്ഷ, ലൈസൻസ് റദ്ദാക്കും
യുഎഇയിൽ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഗതാഗത നിയമ ഭേദഗതികൾ പ്രഖ്യാപിച്ചു. നിയമലംഘകർക്ക് വൻ തുക പിഴയും തടവുശിക്ഷയും ലഭിക്കുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് തടവുശിക്ഷയ്ക്ക് പുറമെ 20,000 ദിർഹം മുതൽ 1 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക. കുറ്റത്തിന്റെ ആവർത്തനമനുസരിച്ച് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും റദ്ദാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ആദ്യ തവണ കുടുങ്ങിയാൽ കുറഞ്ഞത് മൂന്ന് മാസത്തേക്കും, രണ്ടാം തവണ ആറ് മാസത്തേക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് പൂർണ്ണമായും റദ്ദാക്കും.
ലഹരിമരുന്നുകളോ മനോനിലയെ സ്വാധീനിക്കുന്ന മറ്റ് പദാർത്ഥങ്ങളോ (സൈക്കോട്രോപിക്) ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ ശിക്ഷ കൂടുതൽ കഠിനമാകും. തടവുശിക്ഷയ്ക്ക് പുറമെ 30,000 ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ ഈടാക്കുക. ആദ്യ തവണ നിയമം ലംഘിച്ചാൽ ആറ് മാസത്തേക്കും, രണ്ടാമതും പിടിക്കപ്പെട്ടാൽ ഒരു വർഷത്തേക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.
ഇത്തരത്തിൽ സസ്‌പെൻഡ് ചെയ്ത ലൈസൻസുമായി വീണ്ടും വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും നേരിടേണ്ടിവരും. ലഹരിപദാർത്ഥങ്ങളോ മദ്യമോ ഉപയോഗിച്ച് വാഹനമോടിച്ച് മറ്റൊരാളുടെ മരണത്തിന് കാരണമായാൽ, ഡ്രൈവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്താൻ പുതിയ ഗതാഗത നിയമം വ്യവസ്ഥ ചെയ്യുന്നു.