2027 ജനുവരി 1 മുതൽ യു.എ.ഇയിൽ പുതിയ ട്രാഫിക് നിബന്ധനകൾ; ഓവർടേക്കിങ് മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി അധികൃതർ

 

യു.എ.ഇ നിരത്തുകളിൽ കൂടുതൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പുതുക്കിയ ട്രാഫിക് നിബന്ധനകളുടെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. വാഹനങ്ങൾ മറികടക്കുന്നത് (Over-taking) സംബന്ധിച്ചുള്ള നിയമങ്ങളിലാണ് പ്രധാനമായും വ്യക്തത വരുത്തിയിരിക്കുന്നത്. ഫാസ്റ്റ് ലൈനുകളിലെ സഞ്ചാരം, റൈറ്റ്-സൈഡ് ഓവർടേക്കിങ്, ഓവർടേക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയും 20, 21 വകുപ്പുകളിലൂടെ നിർവ്വചിക്കപ്പെടുന്നു.

പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച് സാധാരണയായി വാഹനങ്ങളെ ഇടതുവശത്തു കൂടെ മാത്രമേ മറികടക്കാൻ പാടുള്ളൂ. എന്നാൽ മുന്നിലുള്ള വാഹനം മറ്റൊരു റോഡിലേക്ക് തിരിയുന്നതിനായി ഇടതുവശത്തേക്ക് മാറുകയോ അതിനായുള്ള ടേൺ സിഗ്നൽ നൽകുകയോ ചെയ്താൽ, ആവശ്യത്തിന് സുരക്ഷിതമായ സ്ഥലമുണ്ടെങ്കിൽ മാത്രം വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ഇളവ് നൽകുന്നുണ്ട്. ഓവർടേക്ക് ചെയ്ത ശേഷം വാഹനം വലതുവശത്തെ ട്രാക്കിലേക്ക് തന്നെ തിരികെ കൊണ്ടുവരണം. മറ്റൊരു വാഹനത്തെ കൂടി തുടർച്ചയായി ഓവർടേക്ക് ചെയ്യാനുണ്ടെങ്കിൽ മാത്രം ഫാസ്റ്റ് ലൈനിൽ തുടരാമെങ്കിലും പിന്നാലെ വരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ദീർഘനേരം ഫാസ്റ്റ് ലൈനിൽ തുടരുന്നത് കുറ്റകരമാണ്.

ഓവർടേക്കിങ് നിരോധിച്ചിട്ടുള്ള സാഹചര്യങ്ങൾ (വകുപ്പ് 21):

  • കാഴ്ച വ്യക്തമല്ലാത്ത മഞ്ഞുള്ള ദിവസങ്ങളിലോ മഴ സമയത്തോ അല്ലെങ്കിൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ എത്തുമ്പോഴോ.
  • ജങ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ട്രാഫിക് സ്‌ക്വയറുകൾ, വഴുക്കലുള്ള റോഡുകൾ, കാൽനടയാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ.
  • തുടർച്ചയായ നീളത്തിലുള്ള വരകൾ (Continuous lines) അടയാളപ്പെടുത്തിയ റോഡുകളിലും ഓവർടേക്കിങ് നിരോധിച്ച ട്രാഫിക് സിഗ്നലുകളുള്ള സ്ഥലങ്ങളിലും.

ഓവർടേക്ക് ചെയ്യുന്നതിന് മുൻപായി ഡ്രൈവർമാർക്ക് മുന്നിലെ റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും അനാവശ്യ വേഗതയോ മറ്റ് സുരക്ഷാ ഭീഷണികളോ ഇല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. രാജ്യത്തുടനീളം റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഫെഡറൽ ട്രാഫിക് അതോറിറ്റി ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്.