പുതിയ ഉംറ സീസൺ: വീസ അപേക്ഷകൾ മെയ് 31 മുതൽ; നടപടികൾ ലളിതമാക്കി സൗദി മന്ത്രാലയം
ഈ വർഷത്തെ ഹജ് തീർഥാടനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, അടുത്ത ഉംറ സീസണിനായുള്ള മുന്നൊരുക്കങ്ങൾ സൗദി ഹജ്-ഉംറ മന്ത്രാലയം ആരംഭിച്ചു. പുതിയ സീസണിലേക്കുള്ള ഉംറ വീസ അപേക്ഷകൾ ഈ മാസം 31 മുതൽ സ്വീകരിച്ചു തുടങ്ങും. ജൂൺ ഒന്നു മുതൽ 'നുസുക്' (Nusuk) ആപ് വഴി ഉംറ പെർമിറ്റുകൾ നൽകിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശ ഏജന്റുമാരെ അംഗീകരിക്കുന്നതിനും കരാറുകൾ ഒപ്പിടുന്നതിനുമുള്ള നടപടികൾ 'മസാർ നുസുക്' പ്ലാറ്റ്‌ഫോം വഴി ഇതിനകം ആരംഭിച്ചിട്ടുണ്ട്. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ വിപുലമായ മാറ്റങ്ങളാണ് മന്ത്രാലയം വരുത്തിയിരിക്കുന്നത്.
ഉംറ കമ്പനികളും വിദേശ ഏജന്റുമാരും തമ്മിലുള്ള കരാറുകൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്തത് വഴി തട്ടിപ്പുകൾക്ക് തടയിടാനാകും. അംഗീകൃത കരാറുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയതോടെ സേവനദാതാക്കളുടെ ആധികാരികത തീർഥാടകർക്ക് നേരിട്ട് ബോധ്യപ്പെടും. താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും ‘മസാർ നുസുക്’ പ്ലാറ്റ്‌ഫോം വഴി ഏകോപിപ്പിക്കുന്നതോടെ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള പാക്കേജുകൾ ലഭ്യമാകും.
കരാർ നടപടികൾ ഓട്ടമേറ്റഡ് ആക്കിയതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സാധിക്കും. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ ലളിതമാക്കുന്നതിനുമുള്ള സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് ഈ പുതിയ നടപടികൾ.