പുതുവത്സരം: ലുസൈൽ ബോളെവാഡിൽ വർണ്ണാഭമായ വെടിക്കെട്ടും കലാപരിപാടികളും

 

പുതുവർഷത്തെ വരവേൽക്കാൻ ഖത്തറിലെ ലുസൈൽ ബോളെവാഡ് ഒരുങ്ങുന്നു. 2025 ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം മുതൽ വെടിക്കെട്ടും വൈവിധ്യമാർന്ന കലാപ്രകടനങ്ങളുമായി ഗംഭീരമായ പുതുവത്സരാഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 31-ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ജനുവരി 1-ന് പുലർച്ചെ 2 മണി വരെ നീളുന്ന ആവേശകരമായ ആഘോഷങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.

സംഗീത പ്രേമികൾക്കായി പ്രമുഖ ഗായകരും ഡി.ജെകളും അവതരിപ്പിക്കുന്ന പ്രകടനങ്ങൾ ബോളെവാഡിൽ അരങ്ങേറും. മണൽ ശില്പ കലാകാരന്മാരുടെ പ്രദർശനങ്ങൾ, അക്രോബാറ്റിക് ആക്റ്റുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ബോളെവാഡിലെ ഐക്കോണിക് ടവറുകളിൽ ദൃശ്യവിരുന്നൊരുക്കി 3ഡി മാപ്പിങ്ങും ലേസർ ഷോയും വൈകുന്നേരത്തോടെ ആരംഭിക്കും.

പുതുവർഷപ്പിറവി കുറിക്കുന്ന കൃത്യം 12 മണിക്ക് ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും പൈറോ ഡ്രോണുകളുടെ ഗംഭീര പ്രകടനവും നടക്കും. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.