കു​വൈത്തിൽ രാത്രി​ ത​ണു​പ്പു​കൂ​ടും; മൂ​ട​ൽ​മ​ഞ്ഞി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത

 

കു​വൈത്തിൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കടുത്ത തണുപ്പും മൂ​ട​ൽ​മ​ഞ്ഞും അനുഭവപ്പെടുമെന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. പ​ക​ൽ​സ​മ​യ​ത്ത് മി​ത​മാ​യ കാ​ലാ​വ​സ്ഥയാകുമെങ്കിലും രാ​ത്രി​കാ​ലങ്ങളിൽ തണുപ്പ് ശക്തമാകും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു.

ഉ​പ​രി​ത​ല​ത്തി​ൽ ഉ​യർന്ന വായു മർദ്ദം അനുഭവപ്പെടുന്നതും തണുത്ത വായുപിണ്ഡത്തിന്റെ സാന്നിധ്യവുമാണ് മേഘാവൃതമായ അന്തരീക്ഷത്തിനും തണുപ്പിനും കാരണമാകുന്നത്. ശ​നി​യാ​ഴ്ച രാ​വി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് ദൃശ്യപരത കുറയ്ക്കാൻ സാധ്യതയുണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് തെ​ക്കു​കി​ഴ​ക്ക​ൻ ദി​ശ​യി​ലേ​ക്ക് നേ​രി​യ വേ​ഗ​ത്തിൽ വീശാൻ സാധ്യതയുണ്ട്.

ശനിയാഴ്ച രാത്രി താപനില 11 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മൂടൽമഞ്ഞും കുറഞ്ഞ താപനിലയും അനുഭവപ്പെട്ടിരുന്നു. തണുപ്പ് കൂടുന്ന സാഹചര്യത്തിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.