നിയന്ത്രിതമേഖലകളിൽ വിമാനങ്ങൾ പറത്തിയിട്ടില്ല; വ്യാജവാർത്തകൾ തള്ളി എയർഇന്ത്യ എക്‌സ്പ്രസ്

 

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന വ്യോമപാതകളിലൂടെ വിമാനങ്ങൾ പറത്തിയെന്ന വാർത്തകൾ എയർഇന്ത്യ എക്സ്പ്രസ് നിഷേധിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യാത്രക്കാരിൽ അനാവശ്യ ആശങ്കയുണ്ടാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് സർവീസുകൾ നടത്തുന്നത്. നിരോധിക്കപ്പെട്ട ആകാശപാതകളിലൂടെ ഒരു വിമാനവും സഞ്ചരിച്ചിട്ടില്ല. തത്സമയ സുരക്ഷാ വിവരങ്ങളും അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസികളുടെ കർശന നിർദേശങ്ങളും പാലിച്ചാണ് ഓരോ വിമാനത്തിന്റെയും പാത പ്ലാൻ ചെയ്യുന്നതെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

നിലവിലെ സംഘർഷ സാഹചര്യം പരിഗണിച്ച് യാത്രക്കാർക്ക് വിമാനക്കമ്പനി വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28-നോ അതിന് മുൻപോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, മാർച്ച് 10 വരെയുള്ള യാത്രകൾക്ക് (മിഡിൽ ഈസ്റ്റ്, യു.കെ, യൂറോപ്പ് സെക്ടറുകൾ) സൗജന്യമായി തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ വാങ്ങാനോ (Full Refund) സാധിക്കും. കൂടാതെ യുഎഇ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്.